മേരിക്കുണ്ടൊരു പിറന്നാള്.....

മേരി പാചകം ചെയ്തു കൊണ്ടിരിക്കുന്നു..

ആശാരിയായ തന്റെ ഭര്‍ത്താവിനും അവനു കൂട്ടായി പോയിരിക്കുന്ന മകനുമുളള അത്താഴമാണ് അവള്‍ തയ്യാറാക്കുന്നത് .

അവര്‍ അധികം താമസിക്കാതെ വീട്ടില്‍ എത്തും .
ഇന്നങ്ങനെ സ്പെഷല്‍ ഒന്നും അത്താഴത്തിനൊരുക്കിയിട്ടില്ല..

പെട്ടെന്ന് അത് സംഭവിച്ചു. 

രണ്ടു കരങ്ങള്‍ ആ അമ്മയുടെ കണ്ണുകളെ പൊത്തി .

'' ഇതാരാ ഇത് ?? '' അമ്മ ചോദിച്ചു .

''ഞാനാ അമ്മേ , യേശു..''
ആ പൊത്തിയ കരങ്ങളുടെ ഉടമ മറുപടി പറഞ്ഞു. 

'' ഇന്നു നീ നേരത്തെ പോന്നോ ? 
തന്നെയാണോ ?
എന്തിനാ കണ്ണു പൊത്തിയേ ?
കണ്ണെടുക്ക് മോനേ..''
അമ്മ പറഞ്ഞു.

'' ഞാന്‍ തന്നെയല്ല..
അപ്പനും കൂടെയുണ്ട്..
അമ്മ ബലം പിടിക്കാതെ..
ഞാനല്ലേ കണ്ണു പൊത്തിയേ..
അമ്മയ്ക്കൊരു surprise തരാനാ..'' 

'' Surprise ?
എനിക്കോ ? 
എന്താടാ അത് ? '' 

'' ഒക്കെയുണ്ട് ..
എന്റെ കൂടെയിങ്ങ് പോന്നാല്‍ മതി ..''

'' അപ്പനെന്തിയേടാ..''

'' ഞാനും ഇവിടെയുണ്ടേ..''അടുത്ത  മുറിയില്‍ നിന്നും ഒരു ശബ്ദം. അതാണ്‌ ഗൃഹനാഥന്‍ . നേരത്തെ സൂചിപ്പിച്ച ആശാരി. പേര് ജോസഫ് .

'' എന്താ മൊത്തത്തില്‍ ഒരു ചുറ്റിക്കളി ? 
അപ്പനും മോനും എന്താ surprise ഒരുക്കിയിരിക്കുന്നേ ? ''

'' Wait and watch Mom..''

അടുത്ത മുറിയിലേക്ക് അവര്‍ കടന്നു.

അവരുടെ ഊണുമേശയ്ക്കരികിലേക്ക് അവര്‍ നടന്നു.

'' ശരി..
ഇനി ഞാന്‍ കണ്ണെടുക്കാം..
അമ്മ നോക്കിക്കോളൂ..'' യേശു പറഞ്ഞു.

അമ്മ കണ്ണുകള്‍ തുറന്നു.

ഊണുമേശയില്‍ ഒരു ചെറിയ കേക്കിന്റെ കഷണം . അതിന്റെ മേലേ ഒരു മെഴുകുതിരി നാട്ടിയിരിക്കുന്നു..

'' ഇതെന്താ ഇങ്ങ..
ഓ..ഓ.. ഇപ്പോ മനസ്സിലായി..
ഞാന്‍ മറന്നു പോയാരുന്നു..
നീ ഓര്‍ത്തല്ലോ..

ഇതൊന്നും വേണ്ടിയിരുന്നില്ല..
ഈ കേക്കിനൊക്കെ നല്ല വിലയായിക്കാണുമല്ലോ..'' 
അമ്മ പറഞ്ഞു.

'' അതൊന്നും ഓര്‍ത്തു അമ്മ വിഷമിക്കേണ്ട..

ഒരു കൊച്ചു സമ്മാനം കൂടിയുണ്ട്..
അപ്പാ.. എന്തിയേ ? '' 

ജോസഫ് തന്റെ സഞ്ചിയില്‍ നിന്നും ചുവന്ന തുണിയില്‍ പൊതിഞ്ഞ ആ സമ്മാനം എടുത്തു . യേശു അത് കൈനീട്ടി വാങ്ങി . 

'' Happy birthday to you Amma..''

അമ്മ അത് വാങ്ങി . അതിനെ ചുറ്റിയിരിക്കുന്ന ആ തുണി മാറ്റി . 

'' ഇത്.. ഇതൊരു കുരിശിന്റെ രൂപമാണല്ലോ ..'' അമ്മ ആശ്ചര്യത്തോടെ പറഞ്ഞു.

'' ഇവനൊരേ നിര്‍ബന്ധം . നിനക്കൊരു കുരിശ് സമ്മാനമായിത്തരണമെന്ന് .
എന്നെക്കൊണ്ട് കൊത്തിച്ചതാ..'' 
ജോസഫ് പറഞ്ഞു. 

''  അതെന്താ മോനേ കുരിശ് ?
കുരിശെന്താന്ന് നിനക്കറിയില്ലേ ?
കള്ളന്മാരേയും കൊലപാതകികളേയുമൊക്കെ ഇതുപോലത്തെ കുരിശില്‍ തൂക്കിയാ കൊല്ലാറുള്ളത്..'' 

'' ആം.. എനിക്കതറിയാം അമ്മേ.. ഞാനീ ചോദ്യം പ്രതീക്ഷിച്ചിരുന്നു..അപ്പനും ചോദിച്ചാരുന്നു..
കുരിശിനിപ്പോ നമുക്കിടയില്‍ ഒരു വിലയുമില്ലല്ലോ..എന്നാല്‍ ഇതിനു വില നല്‍കുന്ന ഒരു കാലം വരും..
ശിക്ഷ നല്‍കാന്‍ ഉപയോഗിക്കുന്ന ഈ കുരിശ് രക്ഷയുടെ പ്രതീകമായി മാറും..അതെങ്ങനെയെന്നല്ലേ അടുത്ത ചോദ്യം..
അതും ഒരു surprise..പക്ഷേ ഇച്ചിരി കൂടുതല്‍ കാലം കാത്തിരിക്കണം..എനിക്കൊരു 33 വയസ്സൊക്കെ കഴിയട്ടെ.. അപ്പോള്‍ അമ്മയ്ക്കു ഞാനീ തന്ന സമ്മാനത്തിന്റെ അര്‍ഥം മനസ്സിലാകും ..''

''അതപ്പോ എന്തോ വല്യ കാര്യമാണല്ലോ..
ശരി ശരി.. കാത്തിരിക്കാം..''

'' അങ്ങനാണേല്‍ സമയം കളയേണ്ട..
കേക്ക് മുറിക്കാം.. 

നമുക്കാദ്യമൊന്നു  പ്രാര്‍ത്ഥിക്കാം..''
ജോസഫ് പറഞ്ഞു.

അവര്‍ മൂന്നു പേരും മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചു..

അതിനു ശേഷം എഴുന്നേറ്റ് മെഴൂകുതിരി കത്തിച്ചു . മേരി അതൂത്തിക്കെടുത്തി . കേക്ക് മുറിച്ചു . മൂവരും കഴിച്ചു..

അമ്മ മകനൊരു മുത്തം കൊടുത്തു . അമ്മയുടെ മുഖത്ത് പുഞ്ചിരിയും കണ്ണുകളില്‍ തിളക്കവും ആ മകന്‍ ദര്‍ശിച്ചു . 

'' ഞാന്‍ പോലും മറന്നു പോയി..
നീ ഓര്‍ത്തല്ലോ മോനേ..''

ഒരു മന്ദഹാസത്തോടെ അവന്‍ മറുപടി പറഞ്ഞു ,

'' അമ്മയ്ക്ക് ഞാന്‍ വാക്ക് തരുന്നു , ലോകമൊള്ളോരു കാലം അമ്മയുടെ ജന്മദിനം മറക്കുകയില്ല. ഇതിലും വലിയ പരിപാടികളും ആഘോഷങ്ങളും അമ്മയുടെ പേരില്‍ എല്ലായിടത്തും കൊണ്ടാടപ്പെടും.. ''

********************************
 
ഇത് വര്‍ഷം 2019 .
ഇന്നും ആ അമ്മയുടെ ജന്മദിനം നാം ആഘോഷിക്കുന്നു..

Dr.Jim Jacob Roy..

Post a Comment

0 Comments