കാവല്‍മാലാഖക്ക് കഴിയാത്തത്...
വിശുദ്ധ ഫൗസ്റ്റീന തന്റെ ഒരനുഭവത്തെക്കുറിച്ച് ഡയറിയില്‍ ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നു: ഒരു നിമിഷനേരത്തേക്കു ഞാന്‍ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു, ''എന്റെ മകളേ, മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാപിയെ രക്ഷിക്കാന്‍ എന്നെ സഹായിക്കുക. ഞാന്‍ നിന്നെ പഠിപ്പിച്ച കരുണയുടെ ജപമാല അവനുവേണ്ടി ചൊല്ലുക.''
ഞാന്‍ ആ ജപമാല ചൊല്ലാന്‍ ആരംഭിച്ചപ്പോള്‍ വളരെയധികം പീഡനങ്ങളുമായി മല്ലടിച്ച് മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. കാവല്‍മാലാഖ അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കണക്കില്ലാത്തവിധത്തിലുള്ള ആത്മീയദുരിതങ്ങളുടെ നടുവില്‍ അയാള്‍ നിസ്സഹായനായി കാണപ്പെട്ടു. അനേകായിരം പിശാചുക്കള്‍ അവനുവേണ്ടി കാത്തിരിക്കുന്നു. എന്നാല്‍ കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍, ഛായാചിത്രത്തില്‍ കാണുന്നതുപോലെതന്നെ ഞാന്‍ ഈശോയെ കണ്ടു. ഈശോയുടെ ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന രശ്മികള്‍ രോഗിയായ ആ മനുഷ്യനെ പൊതിയുകയും, ഉടനെ അന്ധകാരശക്തികള്‍ ഭയപ്പെട്ട് ഓടിപ്പോകുകയും ചെയ്തു. ആ രോഗിയായ മനുഷ്യന്‍ സമാധാനത്തോടെ അന്ത്യശ്വാസം വലിച്ചു. എനിക്കു പരിസരബോധം ഉണ്ടായപ്പോള്‍, മരണാസന്നര്‍ക്കു കരുണയുടെ ജപമാല എത്ര വളരെ പ്രധാനപ്പെട്ടതാണെന്നു ഞാന്‍ മനസ്സിലാക്കി. അത് ദൈവകോപത്തെ ശമിപ്പിക്കുന്നു.
കഠിനപാപികളും മരണസമയത്ത് അനുതപിക്കുന്നതിനുള്ള കൃപ യേശു തന്റെ പീഡാസഹനത്തിലൂടെ നേടിയെടുത്തിട്ടുണ്ട്. അതിനാല്‍ മരണാസന്നര്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഏറ്റവും സുപ്രധാന പങ്കു വഹിക്കുന്നു. വിശുദ്ധ ഫൗസ്റ്റീന നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അതാണ്.
0 Comments