Holy Eucharist is not Just Bread- Life saving story | Inspirational Stories - 1 Malayalam


Image result for holy communion\

"ആരാണ് പറഞ്ഞത് ദിവ്യകാരുണ്യം വെറും അപ്പമാണെന്ന്?''

#പൊള്ളിവികൃതമായ #മുഖം
#ദിവ്യകാരുണ്യശക്തിയിൽ
#മാറ്റംവന്ന #അദ്ഭുത #സംഭവം.
''ആരാണ് പറഞ്ഞത് അവിടുന്ന് അദൃശ്യനെന്ന്
 ആരാണ് പറഞ്ഞത് ദിവ്യകാരുണ്യം വെറും അപ്പമാണെന്ന്?''

ഒരു മീറ്റിംഗിനിടയില്‍ ഉയര്‍ന്നുവന്ന ആ സ്വരം എനിക്ക് പരിചയമുള്ള സിസ്റ്ററിന്റേതായിരുന്നു.

 യുവജന സെമിനാറിനിടയിലാണ് ദിവ്യകാരുണ്യത്തില്‍ ഈശോയുടെ സജീവസാന്നിധ്യം വിളിച്ചോതുന്ന മഹനീയ സംഭവം അവര്‍ സാക്ഷ്യപ്പെടുത്തിയത്.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തില്‍ ഭവനസന്ദര്‍ശനത്തിലായിരുന്നു അവര്‍.

ഏറെ മടുത്തു കഴിഞ്ഞപ്പോള്‍ പരിചയമുള്ളൊരു വീട്ടില്‍ ചെന്ന് കുറച്ചു വെള്ളം വേണമെന്നു പറഞ്ഞ് അകത്തുകയറി.

 മുറിയുടെ മൂലക്കായി കുപ്പിയില്‍ ഇരിക്കുന്ന ജീരകവെള്ളത്തില്‍ കണ്ണുകള്‍ ഉടക്കി.

 ഉടനെതന്നെ അതെടുത്ത് കുപ്പിയോടെ വായിലേക്ക് കമഴ്ത്തി.

വായില്‍ ഒഴിച്ചതിനുശേഷമാണറിയുന്നത്, അത് ജീരകവെള്ളമല്ലായിരുന്നു മറിച്ച്, ഏതോ ആവശ്യത്തിനുവേണ്ടി ആ വീട്ടുകാര്‍ വാങ്ങിവെച്ച ആസിഡ് ആയിരുന്നുവെന്ന്.

 ഇതിനകം രണ്ടുമൂന്നു തുള്ളികള്‍ വയറ്റിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു.

 തിരിച്ചറിവിന്റെ ഭീതിയില്‍ പെട്ടെന്നുതന്നെ അവര്‍ അത് നിലത്തേക്ക് തുപ്പി.

 പക്ഷേ അപ്പോഴേക്കും വായ് പൊള്ളിയിരുന്നു.
 നാവും ചുണ്ടുകളും വെന്തുവീര്‍ത്തു കനത്തു.
 മുഖം ബീഭത്സമായി.

 വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആത്മഹത്യാ ശ്രമമാണെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കുകയാണ് ചെയ്തത്.

 തുടര്‍ന്ന് സിസ്റ്ററിനെ പരിചയമുള്ള മറ്റൊരാശുപത്രിയില്‍ കാര്യങ്ങളുടെ വിശദീകരണത്തോടെ പ്രവേശിപ്പിച്ചു.

 ഡോക്ടര്‍മാര്‍ മരുന്നു കുറിച്ചു.

പൊള്ളിയത് കരിഞ്ഞതിനുശേഷം വീണ്ടും പഴയ സ്ഥിതിയിലാകണമെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറി മാത്രമേ പോംവഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തു പറഞ്ഞു.

 ആശുപത്രിയില്‍നിന്ന് അന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്ത് മഠത്തിലേക്ക് കൊണ്ടുവന്നു.

 ഇതിനോടകം സിസ്റ്റര്‍ അവരുടെ മുഖം ഒരിക്കലും കാണരുതെന്ന തീരുമാനത്തോടെ സുപ്പീരിയറും മറ്റു സഹോദരിമാരും ചേര്‍ന്ന് മഠത്തിലുള്ള കണ്ണാടികള്‍ എല്ലാം എടുത്തുമാറ്റിയിരുന്നു.

 എന്നാല്‍, ഏവരും അനുകമ്പയോടെ നോക്കുന്ന തന്റെ മുഖം കാണണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു സിസ്റ്റര്‍.

 കുളിമുറിയുടെ ജനലിനരികില്‍ പണ്ടെപ്പോഴോ എടുത്തുവച്ചിരുന്ന പൊട്ടിയ കണ്ണാടിക്കഷണം സിസ്റ്റര്‍ക്ക് ലഭിച്ചു.

 അതില്‍ തന്റെ മുഖം കണ്ട മാത്രയില്‍ സിസ്റ്റര്‍ തേങ്ങിക്കരഞ്ഞുപോയി.

 കാരണം, അത്രമാത്രം വികൃതമായിരുന്നു അത്.

 മേല്‍ചുണ്ടും കീഴ്ചുണ്ടും പെരുവിരലിന്റെ കനത്തില്‍ വേവിച്ച മാംസക്കഷണങ്ങള്‍പോലെയായിരുന്നു.

നാവും ഒരു മാംസപിണ്ഡംപോലെ.

 ഇതിനോടകം സുപ്പീരിയര്‍ സിസ്റ്റര്‍ വന്നുപറഞ്ഞു: ''അച്ചന്‍ കുര്‍ബാനയ്ക്ക് വരുന്നുണ്ട്. സിസ്റ്റര്‍ എന്തായാലും ചാപ്പലില്‍ പോകണ്ട. അച്ചനോട് പറഞ്ഞ് ദിവ്യകാരുണ്യം ഞാന്‍ കൊണ്ടുവരാം.''

ചാപ്പലില്‍ കുര്‍ബാന നടക്കുമ്പോള്‍ ഏറെ വിശ്വാസത്തോടെ അവര്‍ മുറിയിലിരുന്ന് പ്രാര്‍ത്ഥിച്ചു.

ചെയ്ത പാപങ്ങള്‍ക്കെല്ലാം ഈശോയോട് മാപ്പപേക്ഷിച്ചു കരഞ്ഞു.

 അന്ന് മദറിന്റെ കൈകളില്‍നിന്നും ദിവ്യകാരുണ്യ ഈശോയെ വേദനയുള്ള തന്റെ നാവില്‍ ഒരു ദിവ്യാമൃതംപോലെ അവര്‍ സ്വീകരിച്ചു.

 ദിവ്യകാരുണ്യം സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്ക് എന്തെന്നില്ലാത്ത വിശപ്പനുഭവപ്പെട്ടു.

പക്ഷേ, ഭക്ഷണം കഴിക്കരുത്. വേണമെങ്കില്‍ ദ്രവാവസ്ഥയിലുള്ള എന്തെങ്കിലും മാത്രമേ കഴിക്കാവൂ എന്ന ഡോക്ടര്‍മാരുടെ താക്കീതും അവര്‍ ഓര്‍ത്തു.

പക്ഷേ, അപ്പോഴെല്ലാം അവരുടെ മനസില്‍ ആരോ ഇങ്ങനെ മന്ത്രിച്ചു: ''നീ അടുക്കളയില്‍ പോയി ചോറു കഴിക്കുക. ഒന്നും സംഭവിക്കുകയില്ല.''

 ഡോക്ടര്‍മാരുടെ താക്കീത് അവഗണിച്ച് അവര്‍ അടുക്കളയില്‍ പോയി, ആര്‍ത്തിയോടെ കുറച്ചു ചോറു വാരിത്തിന്നു.

 അവര്‍ക്കുപോലും അവിശ്വസനീയമായ നിമിഷങ്ങളായിരുന്നു അത്.

 ഒരു തരിപോലും വേദന അപ്പോള്‍ അനുഭവപ്പെട്ടില്ല.

 ദിവ്യകാരുണ്യ ഈശോ തന്നെ സൗഖ്യത്തിലേക്ക് മാടി വിളിച്ചതായി അവര്‍ക്കനുഭവപ്പെട്ടു.

 സംഭവം അറിഞ്ഞ സിസ്റ്റേഴ്‌സ് ആനന്ദിച്ചു.
പക്ഷേ, പിറ്റേദിവസം മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്കായി ഇടവക പള്ളിയില്‍ പോകുന്നതില്‍നിന്നും മദര്‍ അവരെ വിലക്കി.

 നാട്ടുകാര്‍ തന്റെ മുഖം കാണും, അത് പിന്നീട് ഏറെ പ്രശ്‌നമാകും എന്നതായിരുന്നു മദറിന്റെ ന്യായം.

 എന്തുതന്നെയായാലും തനിക്ക് പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന വാശിയിലായിരുന്നു സിസ്റ്റര്‍.

ആരും തന്റെ മുഖം കാണാത്ത രീതിയില്‍ സാരിത്തലപ്പുകൊണ്ട് മുഖം മറയ്ക്കാമെന്നും തന്നെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സമ്മതിക്കണമെന്ന അവരുടെ അപേക്ഷയ്ക്കു മുമ്പില്‍ മദറിന് സമ്മതം മൂളുക എന്നതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു.

ആരും തന്റെ മുഖം കാണാതിരിക്കട്ടെ എന്നവര്‍ പ്രാര്‍ത്ഥിച്ചു. കൂടെയുള്ള സിസ്റ്റേഴ്‌സിന്റെ മറയില്‍ അവര്‍ ഒതുങ്ങിനിന്ന് കുര്‍ബാനയില്‍ പങ്കെടുത്തു.

ഏറെ ഭക്തിയോടെ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു.

ആദ്യദിവസം തന്നെ മുഖത്തെ നീരു മുഴുവനും വറ്റി.

രണ്ടാം ദിവസം പൊള്ളിയ ഭാഗം മുഴുവനും കരിഞ്ഞു.

 മൂന്നാം ദിവസം കുര്‍ബാന സ്വീകരിച്ചു കഴിഞ്ഞ് അവള്‍ മുട്ടിന്മേല്‍ നിന്ന് കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു. എങ്ങുനിന്നോ ഒരു സന്തോഷം അവളെ പൊതിയുന്നതായവര്‍ക്കനുഭവപ്പെട്ടു.

മനസില്‍ ക്രിസ്തു മന്ത്രിക്കുന്നു, ഇനിയും നീ എന്തിന് മുഖം മറയ്ക്കുന്നു, നീ പൂര്‍ണമായും സൗഖ്യമായി എന്ന്.

വിശ്വാസത്തോടെ അവര്‍ തന്റെ മുഖത്തുനിന്നും സാരി മാറ്റി.

ഇതിനോടകം കുര്‍ബാനയും കഴിഞ്ഞു.

 ആസിഡു കഴിക്കുന്നതിനുമുമ്പ് അവരുടെ മുഖം എങ്ങനെയായിരുന്നുവോ അതിനെക്കാള്‍ ഭംഗിയുള്ളതായി അത്
 അപ്പോഴേക്കും മാറിയിരുന്നു.

 ഈശോയ്ക്കവര്‍ വളരെയധികം നന്ദിയര്‍പ്പിച്ചു.

പിന്നീട് അവരോട് പലരും ചോദിച്ചു:
"സിസ്റ്റര്‍ ഏത് ആശുപത്രിയിലായിരുന്നു ചികിത്സ " എന്ന്. അതിനവര്‍ ഇങ്ങനെ മറുപടി പറഞ്ഞു:

''എന്റെ ചികിത്സ കര്‍ത്താവിന്റെ ആശുപത്രിയില്‍ ആയിരുന്നു. അവിടുന്നെന്നോടു പറഞ്ഞു, മൂന്നു ദിവസം വിശ്വാസത്തോടെ ദിവ്യകാരുണ്യം സ്വീകരിക്കാനെന്ന്.''

അതു പറയുമ്പോള്‍ അവരുടെ മുഖത്ത് ആത്മീയ നിര്‍വൃതിയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആര്‍ക്കും ദര്‍ശിക്കാവുന്ന രീതിയില്‍ പ്രശോഭിച്ചിരുന്നു.

അവരിത് പങ്കുവച്ചതിന് ശേഷം തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യ ആരാധനയില്‍ മൂന്നുനാള്‍ മണ്ണിനെ പുല്‍കി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ഏവരും വിശ്വാസത്തോടെ ഉറ്റുനോക്കുന്നത് ഞാന്‍ കണ്ടു.

അന്ന് ദിവ്യകാരുണ്യ ആശീര്‍വാദസമയത്ത് അവന്‍ എന്നോടു പറഞ്ഞു:

 ''എന്റെ പ്രിയ പുരോഹിതാ, നീയും അവിശ്വാസിയാകാതെ വിശ്വാസിയാകൂ'' എന്ന്.

ഫാ. ജെന്‍സണ്‍ ലാസലറ്റ്

Forwarded Inspirational Stories
Credit Goes to the Creator
Christian Motivational Stories

Post a Comment

0 Comments