One Story to Remember - St. Francis

ഒത്തിരി നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് സെന്റ് ഫ്രാൻസീസ് വായിച്ചു.


വഴിയില്‍ ഒരു കുഷ്ഠരോഗിയിലാണ് അന്ന് നസ്രത്തിലെ തച്ചന്‍റെ മകനെ അവന്‍ കണ്ടത്...
ഇടവിടാതെയുള്ള അവന്‍റെ ഓരോ ചുംബനത്തിലും ....
സ്നേഹമായവന്റെ മുഖം തെളിഞ്ഞുവന്നു...

അങ്ങനെ അസീസിയിലെ സ്വപ്നകാമുകന്‍, യുദ്ധവീരന്‍...
നിഷ്പാദുകനായി.
അവനെ പ്രണയിച്ചവര്‍ അവനെ കല്ലെറിഞ്ഞു...
പ്രിയപിതാവിനാല്‍ തിരസ്കൃതനായി...
വലിയജനാവലിക്ക് മുന്നില്‍ ദൈവസ്നേഹം പറയാന്‍ അവന്‍ സ്വയം നഗ്നനായി....
ഒരിക്കലും ദാഹമടങ്ങാത്ത ഭ്രാന്തനെ പോലെ. 
അവന്‍ ലോകത്തിനുമുന്നില്‍ പരിഹാസപാത്രമായി.
ഓരോ കല്ലേറിനും ഓരോ അനുഗ്രഹം ഉണ്ടെന്നു പറഞ്ഞ് അവന്‍ തിര്സ്കരണങ്ങള്‍ വാരികൂട്ടി.
ഒരായിരം വസ്ത്രങ്ങള്‍ സ്വന്തമായി ഇരിക്കെ, ഒരു ഉടുതുണിക്കായി യാചകന് നേരെ പോലും കരംനീട്ടി...

ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സത്യം തേടി...സ്നേഹം തേടി...
ലോകത്തെ മുഴുവന്‍ തള്ളി പറഞ്ഞ മറ്റൊരുവന്‍ പോലും ഈ ലോകത്തില്‍ ഉണ്ടായിരിക്കില്ല.
ഉള്ളില്‍ ലോകാഗ്നി നിറഞ്ഞപ്പോള്‍ ഒരു ശിശുവിനെ പോലെ വിവസ്ത്രനായി മണ്ണിലും മുള്ളിലും കിടന്നുരുണ്ടൂ.... ഹിമ മഴയൊഴുകുന്ന വഴികളില്‍ ഒരു കൈകുഞ്ഞിനെപോലെ നിലത്തുകിടന്നു.

നോക്കു, ഫ്രാന്‍സിസ്... കസാന്‍ദ്‌സാക്കിസ്‌ പറയും പോലെ....
നീ സ്വയം അണയു.. ഇല്ലെങ്കില്‍.... ഈ ലോകം 
കത്തിപ്പിടിക്കും.... നിന്‍റെ സ്നേഹഗ്നിയാല്‍.... ദൈവത്തോടുള്ള അപരിമേയമായ ഭ്രാന്തിനാല്‍....

ഫ്രാന്‍സിസ് /... ഒരു പക്ഷെ മറ്റൊരു ഫ്രാന്‍സിസ് ആകാന്‍ എനിക്ക് കഴിയില്ലായിരിക്കാം..... 
എങ്കിലും നിന്നോട് അനുരൂപപ്പെടുവാന്‍ വല്ലാത്തകൊതിയുണ്ടെനിക്ക്....
ഇന്നു കിട്ടിയ കുരിശുകാണുമ്പോള്‍.... നീ ലോകത്തെ നോക്കി ചിരിച്ച ഭ്രാന്തമായ ചിരി ഓര്‍മ്മവരും....

ലോകത്തില്‍ എങ്ങനെയോ അകപ്പെട്ട പ്രവാസിയെ പോലെയാവുക അത്ര എളുപ്പമല്ല. എങ്കിലും..... അസീസിയിലെ സ്വപ്നകാമുകനില്‍നിന്ന് നിഷ്പാധുക ദാസനിലെക്ക് നീ..നടത്തിയ പരകായപ്രവേശം.... എന്നെ പതിയെ ഒരു പ്രവാസിയാകാന്‍ പ്രേരിപ്പിക്കുന്നു...
വഴിയരികില്‍ നീ കണ്ട നസ്രായന്‍ ഒരിക്കല്‍ എന്നെയും എന്‍റെ ഹൃദയത്തെയും കവര്‍ന്നെടുത്തു കടന്നുപോകട്ടെ...
ഞാനും ഒരിക്കല്‍ സമാധാനത്തിന്‍റെ ഉപകരണമാകട്ടെ... ലോകത്തിനു മുന്നില്‍ സമാധാനമാകട്ടെ...


Image result for St francis

Post a Comment

0 Comments