പ്രഭാത പ്രാർത്ഥന
മകനേ, നമ്മള്‍ ദരിദ്രരായിത്തീര്‍ന്നതില്‍ നിനക്ക് ആധി വേണ്ടാ. നിനക്കു ദൈവത്തോടു ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്കു പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താല്‍ നിനക്കു വലിയ സമ്പത്തു കൈവരും.(തോബിത്4:21)" ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവമേ, ഈ പ്രഭാതത്തിൽ ഒഴിഞ്ഞ മടി ശീലയുമായി അങ്ങയുടെ സന്നിധിയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദിവ്യ നാഥാ, വലിയ അനുഗ്രഹങ്ങൾ കൊണ്ട് ഞങ്ങളെ സമ്പന്നരാക്കണമേ. പല കാരണങ്ങൾ കൊണ്ട് ഞങ്ങളുടെ ജീവിതങ്ങളിൽ ദാരിദ്ര്യ അവസ്ഥ കടന്നു വന്നു. ദൈവം തന്ന ദാനങ്ങളിൽ അവിടുത്തെ മഹത്വപ്പെടുത്തി ജീവിക്കാതെ, അവിടുന്നിൽ നിന്ന് അകന്ന് മദ്യത്തിനും, മയക്കു മരുന്നിനും അടിമപ്പെട്ടു ജീവിച്ചു കൊണ്ട് കട ബാധ്യതയിലേയ്ക്ക് നടന്നു പോയവരുണ്ട്. വിവാഹ ജീവിതത്തിൽ സംതൃപ്‍തിയില്ലാതെ തെറ്റായ ചില ബന്ധങ്ങൾ സൂക്ഷിക്കുകയും അതിൽ നിന്നും ഉണ്ടായ കുറ്റ ബോധത്തെ മറയ്ക്കുവാൻ തെറ്റായ ജീവിത രീതികൾ പിന്തുടരുകയും വഴി ദാരിദ്ര്യം വന്നു കയറിയ കുടുംബങ്ങൾ ഉണ്ട്. പിന്നെയും, ദൈവ ഭയമില്ലാതെ ജീവിക്കുകയും അത്തരം ആളുകളുമായി സംഘം ചേരുകയും വഴി ചതിക്കപ്പെടുകയും ചെയ്തതിലൂടെ വന്നു കയറിയ ബാധ്യതകൾ, മാതാപിതാക്കളെ വഞ്ചിച്ചു കൈക്കലാക്കിയ സ്വത്തു അനുഭവിക്കുവാൻ പറ്റാതെ വിഷമിക്കുന്നവർ എല്ലാ മക്കളെയും കർത്താവെ അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാരണം ഇല്ലാതെ കടന്നു വരുന്ന സാമ്പത്തിക തകർച്ചകൾ ഞങ്ങളെ വിഷമിപ്പിക്കുമ്പോൾ നാഥാ അവിടുത്തെ കരുണ ഞങ്ങൾ അനുഭവിക്കട്ടെ. വിശ്വാസിയുടെ ജീവിതത്തെ, ദാരിദ്ര്യം വന്നു മൂടിയാലും അവന്റെ പ്രാർത്ഥനയ്ക്ക് ദൈവം മറുപടി നൽകുമെന്ന് തോബിത്തിന്റെ പുസ്തകത്തിൽ കൂടെയും, ജോബിന്റെ ജീവിതത്തിൽ കൂടെയും അവിടുന്ന് ഞങ്ങളെ പഠിപ്പിച്ചുവല്ലോ. കർത്താവെ, തെറ്റായ ജീവിത വഴികളിൽ കൂടെ കടന്നു വന്ന സാമ്പത്തിക പ്രശ്നങ്ങൾ ഞങ്ങളെ അലട്ടുമ്പോൾ വിടുതൽ നൽകി അനുഗ്രഹിക്കണമേ. അവിടുത്തെ പദ്ധതി പ്രകാരം ജീവിതത്തിൽ കടന്നു വരുന്ന പ്രശനങ്ങളെ അങ്ങയോടു ചേർന്ന് നിന്ന് നേരിടുവാൻ കൃപ നൽകണമേ. ദൈവ ദൂതന്മാരുടെ സംരക്ഷണം നൽകണമേ. പിതാവേ, ഇന്നേ ദിനത്തിൽ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ എല്ലാ ദാരിദ്ര്യ അവസ്ഥകളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ. ദാരിദ്ര്യ അവസ്ഥകൾ കടന്നു വരുന്ന വഴികളിൽ നിന്ന് അകന്നു നില്ക്കുവാൻ കൃപ നൽകണമേ. ആമേൻ
വിശുദ്ധ യൂദാ തദേവൂസ്, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
0 Comments