Way Of the Cross Song in Malayalam

Introductory Song

കുരിശിൽ  മരിച്ചവനേ,കുരിശാലേ 
വിജയം വരിച്ചവനേ,
മിഴിനീരോഴുക്കിയങ്ങേ,കുരിശിന്റെ 
വഴിയേവരുന്നു ഞങ്ങൾ  .

ലോകൈകനാഥാ,നിൻ 
ശിഷ്യനായ്ത്തീരുവനാശിപ്പോനെന്നുമെന്നും 
കുരിശു വഹിച്ചു നിൻ  
കാല്‍പാടു പിഞ്ചെല്ലാൻ  
കല്പിച്ച നായകാ.

നിൻ  ദിവ്യരക്തത്താലെൻ  പാപമാലിന്യം 
കഴുകേണമേ,ലോകനാഥാ.


1- Station

മരണത്തിനായ് വിധിച്ചു,കറയറ്റ
ദൈവത്തിൻ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കർത്താവിനെ.

അറിയാത്ത കുറ്റങ്ങൾ
നിരയായ് ചുമത്തി
പരിശുദ്ധനായ നിന്നിൽ;
കൈവല്യദാത,നിൻ
കാരുണ്യം കൈകൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ

അവസാനവിധിയിൽ നീ-
യാലിവാർന്നു ഞങ്ങൾക്ക-
യാരുളേണമേ നാകഭാഗ്യം.


2 - Station

കുരിശു ചുമന്നിടുന്നു ലോകത്തിൻ
വിനകൾ ചുമന്നിടുന്നു
നീങ്ങുന്നു ദിവ്യനാഥൻ നിന്ദനം
നിറയും നിരത്തിലൂടെ.

"എൻ ജനമേ,ചൊല്‍ക
ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാൻ?
പൂന്തേൻ തുളുബുന്ന
നാട്ടിൽ ഞാൻ നിങ്ങളെ
ആശയോടാനയിച്ചു:

എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആത്മാവിനാതങ്കമേറ്റി?"

3 – Station

കുരിശിൻ കനത്ത ഭാരം താങ്ങുവാൻ 
കഴിയാതെ ലോകനാഥൻ 
പാദങ്ങൾ പതറിവീണു കല്ലുകൾ 
നിറയും പെരുവഴിയിൽ.

തൃപ്പാദം കല്ലിന്മേൽ
തട്ടി മുറിഞ്ഞു,
ചെന്നിണം വാർന്നൊഴുകി;
മാനവരില്ലാ 
വാനവരില്ലാ 
താങ്ങിത്തുണച്ചീടുവാൻ 

അനുതാപമൂറുന്ന
ചുടുകണ്ണുനീർ തൂകി-
യണയുന്നു മുന്നിൽ ഞങ്ങൾ.

4-Station

വഴിയിൽക്കരഞ്ഞു വന്നോരമ്മയെ
തനയൻ തിരിഞ്ഞുനോക്കി
സ്വർഗ്ഗീയകാന്തി ചിന്തും മിഴികളിൽ
കൂരമ്പു താണിറങ്ങി

"ആരോടു നിന്നെ ഞാൻ
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?"ആരറിഞ്ഞാഴത്തി-
ലലതല്ലി നിൽക്കുന്ന
നിൻ മനോവേദന?

നിൻ കണ്ണുനീരാൽ
കഴുകേണമെന്നിൽ
പതിയുന്ന മാലിന്യമെല്ലാം.

5-Station

കുരിശു ചുമന്നു നീങ്ങും നാഥനെ 
ശിമയൊൻ തുണച്ചീടുന്നു 
നാഥാ നിൻ കുരിശു താങ്ങാൻ കൈവന്ന 
ഭാഗ്യമേ,ഭാഗ്യം.
നിൻ കുരിശെത്രയോ 
ലോലം,നിൻ നുക-
മാനന്ദദായകം 
അഴലില്‍ വീണുഴലുന്നോർ-
ക്കവലംബമേകുന്ന 
കുരിശേ നമിച്ചിടുന്നു.

സുരലോകനാഥാ,നിൻ 
കുരിശൊന്നു താങ്ങുവാൻ 
തരണേ വരങ്ങൾ നിരന്തം.

6 – Station

വാടിത്തളർന്നു മുഖം-നാഥന്റെ
കണ്ണുകൾ താണുമങ്ങി
വേറൊനിക്കാ മിഴിനീർ തൂകിയാ-
ദിവ്യാനനം തുടച്ചു.

മാലാഖമാർക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെപ്പൂനിലാവേ,
താബോർ മാമല-
മേലേ നിന്മുഖം
സൂര്യനെപ്പോലെ മിന്നി.

ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി ദുഃഖത്തിൽ മുങ്ങി.

7- Station

ഉച്ചവെയിൽ പൊരിഞ്ഞു -ദുസ്സഹ
മർദ്ദനത്താൽ വലഞ്ഞു
ദേഹം തളർന്നു താണു-രക്ഷകൻ
വീണ്ടും നിലത്തു വീണു

ലോകപാപങ്ങളാ-
നങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം
ഭാരം നിറഞ്ഞോരാ
ക്രൂശു നിർമിച്ചതെൻ
പാപങ്ങൾ തന്നെയല്ലോ

താപം കലർന്നങ്ങേ
പാദം പുണർന്നു ഞാൻ
കേഴുന്നു:കനിയേണമെന്നിൽ.


8 – Station

"ഓർശ്ലെമിൻ പുത്രിമാരേ,നിങ്ങളി
ന്നെന്നെയോർത്തെന്തിനേവം
കരയുന്നു?നിങ്ങളേയും സുതരേയു-
മോർത്തോർത്തു കേണുകൊൾവിൻ:"

വേദന തിങ്ങുന്ന
കാലം വരുന്നു
കണ്ണീരണിഞ്ഞ കാലം
'മലകളേ,ഞങ്ങളെ
മൂടുവിൻ വേഗ'മെ-
ന്നാരവം കേൾക്കുമെങ്ങും.

കരള്‍നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥൻ സമാശ്വാസമേകി.

9- Station

കൈകാലുകൾ കുഴഞ്ഞു നാഥന്റെ 
തിരുമെയ്‌ തളർന്നുലഞ്ഞു 
കുരിശുമായ് മൂന്നാമതും പൂഴിയിൽ 
വീഴുന്നു ദൈവപുത്രൻ.

"മെഴുകുപോലെന്നുടെ 
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി 
താണുപോയ്‌ നാവെന്റെ;
ദേഹം നുറുങ്ങി 
മരണം പറന്നിറങ്ങി"

വളരുന്നു ദുഖങ്ങൾ 
തളരുന്നു പൂമേനി 
ഉരുകുന്നു കരളിന്റെയുള്ളം.


10- Station

എത്തീ വിലാപയാത്ര കാൽവരി-
ക്കുന്നിൻ മുകൾ പ്പരപ്പിൽ
നാഥന്റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി.

"വൈരികൾ തിങ്ങിവ-
രുന്നെന്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങൾ
ഭാഹിചെടുത്തെന്റെ
വസ്ത്രങ്ങളെല്ലാം"
പാപികള്‍ വൈരികൾ.

നാഥാ,വിശുദ്ധിതൻ
തൂവെള്ള വസ്ത്രങ്ങൾ
കനിവാർന്നു ചാർത്തേണമെന്നെ.


11- Station

കുരിശില്‍ക്കിടത്തിടുന്നു നാഥന്റെ 
കൈകാൽ തറച്ചിടുന്നു .
മർത്യനു രക്ഷനൽക്കാനെത്തിയ 
ദിവ്യമാം കൈകാലുകൾ.

"കനിവറ്റ വൈരികൾ 
ചേർന്നു തുളച്ചെന്റെ 
കൈകളും കാലുകളും"
പെരുകുന്നു വേദന-
യുരുകുന്നു ചേതന 
നിലയറ്റ നീർക്കയം 

"മരണം പരത്തിയോ-
രിരുളിൽക്കുടുങ്ങി ഞാൻ 
ഭയമെന്നെയൊന്നായ് വിഴുങ്ങി"

12- Station

കുരിശിൽ കിടന്നു ജീവൻ പിരിയുന്നു 
ഭുവനൈകനാഥനീശോ 
സൂര്യൻ മരഞ്ഞിരിണ്ടു- നാടെങ്ങു-
മന്ധകാരം നിറഞ്ഞു.

"നരികൾക്കുറങ്ങുവാ-
നളയുണ്ടു പറവയ്ക്കു 
കൂടുണ്ടു പാർക്കുവാൻ 
നരപുത്രനൂഴിയിൽ 
തലയൊന്നു ചായ്ക്കുവാ-
നിടമില്ലോരെടവും."

പുൽക്കൂടുതോട്ടങ്ങേ 
പുൽകുന്ന ദാരിദ്ര്യം 
കുരിശോളം കൂട്ടായിവന്നു.
13- Station

അരുമസുതന്റെ മേനി മാതാവു
മടിയിൽക്കിടത്തിടുന്നു.
അലയാഴിപോലെനാഥേ, നിൻദുഃഖ-
മതിരുകാണാത്തതല്ലോ.

പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്റെ
ഹൃദയം പിളർന്നുവല്ലോ
ആരാരുമില്ല,തെ-
ല്ലാശ്വസമെകുവാ-
നാകുലനായികേ.

"മുറ്റുന്ന ദുഖത്തിൽ
ചുറ്റും തിരിഞ്ഞു ഞാൻ
കിട്ടീലൊരാശ്വസമെങ്ങും."

14- Station

നാഥന്റെ ദിവ്യദേഹം വിധിപോലെ
സംസ്കരിചിടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്റെ
ഉറവയാണാക്കുടീരം.

മൂന്നുനാൾ മത്സ്യത്തി-
നുള്ളിൽ കഴിഞ്ഞൊരു
യൌനാൻ പ്രവാചകൻ പോൽ
ക്ലെശങ്ങളെല്ലാം
പിന്നിട്ടു നാഥൻ
മൂന്നാം ദിനമുയിർക്കും.

പ്രഭയോടുയിർത്തങ്ങേ
വരവേൽപിനെത്തിടാൻ
വരമേകണേ ലോകനാഥാ.

Concluding Song

ലോകത്തിലാഞ്ഞുവീശി സത്യമാം 
നാകത്തിൻ ദിവ്യകാന്തി;
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം 

നിന്ദിച്ചു മർത്യനാ 
സ്നേഹത്തിടബിനെ 
നിർദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവർ 
ചിന്തയില്ലാത്തവർ 
നാഥാ, പൊറുക്കേണമേ 

നിൻ പീഡയോർത്തോർത്തു 
കണ്ണീരൊഴുക്കുവാൻ 
നൽകേണമേ നിൻവരങ്ങൾ.




Post a Comment

0 Comments